യു ഡി എഫിന് മികച്ച വിജയം സമ്മാനിക്കാന്‍ ഇടയാക്കിയ പ്രധാന തീരുമാനം എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയമായിരുന്നു. പതിവ് മുഖമായ കെ വി തോമസിനെ മാറ്റി യുവത്വത്തിന്റെ പ്രതീകമായ ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതോടെ പാര്‍ട്ടി പുതിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന പ്രതീതി ഉയര്‍ത്തിയതോടെ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിജയം യു ഡി എഫിനൊപ്പവുമായി.

നേരെ തിരിച്ച് ഇത്തവണ എറണാകുളത്ത് കെ വി തോമസ്‌ ആയിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ എറണാകുളത്തിന്റെ അലയടികള്‍ ചാലക്കുടിയില്‍ ബെന്നി ബെഹന്നാനെതിരെയും മുഴങ്ങുമായിരുന്നു. അതോടെ എറണാകുളവും ചാലക്കുടിയും യു ഡി എഫിന് നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നു.

എന്നാല്‍ ഇതൊക്കെ മറക്കുന്ന നിലയിലാണ് യു ഡി എഫിന്റെ ഉറച്ച കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നത്. മുന്‍ എംപി കെ വി തോമസിന്റെയും മുന്‍ മേയര്‍ ടോണി ചമ്മണിയുടെയും പേരുകളാണ് എറണാകുളത്ത് സജീവ ചര്‍ച്ചയില്‍. ഡി സി സി അധ്യക്ഷന്‍ ടി ജെ വിനോദിന്റെ പേരും പരിഗണനയിലുണ്ട്.

കെ വി തോമസിന്റെ ജനപിന്തുണ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടായ ആഹ്ലാദ പ്രകടനത്തോടെ ജനം മനസിലാക്കിയതാണ്. അതിനൊപ്പം തന്നെയാണ് കഴിഞ്ഞ ടേമില്‍ മേയര്‍ ആയിരുന്ന ടോണി ചമ്മിണിയുടെ അവസ്ഥയും.

കൊച്ചിയില്‍ മേയര്‍മാരായിരുന്നവരില്‍ അദ്ദേഹത്തോളം ജനപിന്തുണ കുറഞ്ഞ വേറൊരാള്‍ ചുരുക്കം. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഏഴയലത്ത് പോലും എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന കാരണം. ചെറുപ്പമായിരുന്നിട്ടും ജനങ്ങളെ കയ്യിലെടുക്കാനും അന്നത്തെ മേയര്‍ക്ക് കഴിഞ്ഞില്ല. ഒപ്പം ജനങ്ങളുടെ പ്രതിഷേധവും വിരോധവും ക്ഷണിച്ചുവരുത്തി.

അതേസമയം, ടോണി ചമ്മണിയും കെ വി തോമസും വ്യക്തിപരമായി മികവുള്ള നേതാക്കളായി അറിയപ്പെടുന്നവരുമാണ്. പദവികള്‍ കൈകാര്യം ചെയ്തിരുന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

അതേസമയം, ടി ജെ വിനോദിന് ഈ സീറ്റില്‍ താല്പര്യമുണ്ട്. പക്ഷെ, യു ഡി എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുറ്റ ജനകീയ മുഖങ്ങളാണ് പരീക്ഷിക്കേണ്ടതെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. അല്ലാതെ വന്നാല്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കപ്പെടുകയായിരിക്കും ഫലം.

മാത്യു കുഴല്‍നാടനെപ്പോലെ പതിവായി അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെട്ട നേതാക്കള്‍ എറണാകുളത്തുണ്ടെങ്കിലും അവിടെയും തടസം കോണ്‍ഗ്രസിന്റെ ശാപമായ ജാതി സമവാക്യങ്ങള്‍ തന്നെയാണ്.

നിലവില്‍ മുന്‍‌തൂക്കം ടി ജെ വിനോദിന് തന്നെയാണ്.  എന്നാല്‍ ഹൈക്കമാന്റ് വഴി സീറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് കെ വി തോമസ്‌. മുന്‍ മേയറെന്ന പരിഗണനയിലാണ് ടോണി ചമ്മണിയുടെ പേര് ഉയര്‍ന്നുവരുന്നത്.

ഇടതുപക്ഷം മുന്‍ എം പി സെബാസ്റ്റ്യന്‍ പോളിനെ ഇവിടെ രംഗത്തിറക്കാനാണ് സാധ്യത. ബി ജെ പിയ്ക്ക് കാര്യമായ സാധ്യതയുള്ള മണ്ഡലമല്ലാത്തതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇവിടെ മത്സരത്തിനിറങ്ങിയേക്കില്ല.