മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ് ഉണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുവതീ പ്രവേശനം , പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി കണക്കാക്കുന്നത്.

ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവര്‍ഷം 178,75,54,333 രൂപയായി.

അതേസമയം ശബരിമലയില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രത്തിലും വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.ബോര്‍ഡിനുകീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിനുമാത്രമാണ് ചെലവ് നിര്‍വഹിക്കാനുള്ള വരുമാനമുള്ളത്.

മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്. വരുമാനം കുറഞ്ഞത് ക്ഷേത്രങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികളെയും മറ്റ് അത്യാവശ്യ കാര്യങ്ങളെയും ബാധിച്ചേക്കാം.