ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്തായി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ്മ (57) പുറത്തായത്. മികച്ച ഫോമില്‍ കളിച്ച ധവാന്‍ 109 പന്തില്‍ 16 ബൗണ്ടറികളടക്കം 117 റണ്‍സ് നേടി.

നായകന്‍ വിരാട് കോഹ്‌ലി 82 റണ്‍സ് നേടിയപ്പള്‍ അവസാന നിമിഷം ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 4 ബൗണ്ടറിയും 3 സിക്‌സറുകളുമടക്കം 48 റണ്‍സാണ് നേടിയത്. പാണ്ഡ്യക്ക് പിന്നാലെ ക്രീസിലെത്തിയ മഹേന്ദ്ര സിംഗ് ധോണി 14 പന്തില്‍ 27 റണ്‍സെടുത്തു.