ദുബായ്: ദുബായില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ച പ്രശസ്ത ഇന്ത്യന്‍ മോഡല്‍ റോഷ്‌നി മൂല്‍ചന്ദനി (22)യുടെ മൃതദേഹം സംസ്‌കരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്‌നിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഇന്ത്യയില്‍ നിന്നും പിതാവും സഹോദരനും എത്തിയാണ് റോഷ്‌നിയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തിയത്. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയില്‍ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിരവധിയാളുകളാണ് എത്തിയത്.

മസ്‌കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രയ്ക്കിടെയാണ് റോഷ്‌നി അപകടത്തില്‍ പെട്ടത്. ദുബായിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു റോഷ്‌നി. ഒമാന്‍ സര്‍ക്കാരിന്റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.