നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ രക്തത്തിലും സ്രവത്തിലും വൈറസിൻ്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശേരി മെഡിക്കൽ കോളേജിൽ പൂനെ വൈറോളജി ലാബിലെ സംഘം നടത്തിയ പരിശോധനയിലാണ് വൈറസിൻ്റെ സാന്നിധ്യം കുറഞ്ഞെന്ന് കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയിൽ നിന്ന് പരിശോധനയ്‍ക്കെടുത്ത നാല് സ്രവങ്ങളിൽ മൂത്രത്തിൽ മാത്രമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് പൂര്‍ണമായി ഇല്ലാതായതായി സ്ഥിരീകരിക്കാൻ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ സംശയുമായി എത്തുന്നവരുടെ സാംപിളുകള്‍ പരിശോധിക്കാൻ പൂനെ വൈറോളജി ലാബിലെ ഉദ്യോഗസ്ഥര്‍ കളമശേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ ഡിസ്‍ചാര്‍ജായി. ‘ഏഴ് പേര്‍ ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ ആറുപേരുടെയും സാംപിളുകള്‍ നെഗറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരാളുടെ പരിശോധന നടക്കുകയാണ്ട്’ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
നിലവിൽ 325 പേരാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ തീവ്ര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധകൾ വിവിധ സംഘങ്ങൾ നടത്തുന്നുണ്ട്.