മാലിദ്വീപിലെ പ്രശസ്തമായ പുരാതന പള്ളിയുടെ പരിപാലനത്തിന് ഇന്ത്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിദ്വീപ് പാര്‍ലമെന്റായ പീപ്പിള്‍സ് മജ്‌ലിസില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ചരിത്ര പ്രധാന്യമുള്ള പള്ളി നശിക്കരുത്. പരിപാലനത്തിന് ഇന്ത്യയുടെ സഹായമുണ്ടാകുമെന്നും മോദി പറഞ്ഞു.
മോദിയുടെ വാഗ്ദാനത്തിന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹ് നന്ദി പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ മുഖേനയാണ് ഇന്ത്യയുടെ സഹായം അനുവദിക്കുക. മാലിയിലെ ഹുകുറു മിസ്‌കി എന്നറിയപ്പെടുന്ന പള്ളി 1658ലാണ് നിര്‍മിച്ചത്. ഇത്തരം പള്ളികള്‍ ലോകത്ത് അപൂര്‍വമാണെന്ന്് മോദി ചൂണ്ടിക്കാട്ടി. 2008ല്‍ യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പള്ളിയാണിത്. 1153ലാണ് പള്ളിയുടെ നിര്‍മാണം തുടങ്ങിയത്. മാലിദ്വീപിന്റെ പ്രഥമ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ഇസ്ലാം സ്വീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. പിന്നീട് പല തവണകളായി രൂപമാറ്റം വരുത്തി. ഇന്ന് കാണുന്ന രൂപത്തില്‍ നിര്‍മിച്ചത് 1658ലാണ്. ചില കൂട്ടിച്ചേര്‍ക്കലുകള്‍ പിന്നീട് നടന്നുവെങ്കിലും പകിട്ട് കുറഞ്ഞിട്ടില്ല. കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നത്.
ഇതിന്റെ പരിപാലനത്തിനും സംരക്ഷണത്തിനുമാണ് മോദി ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ മാലദ്വീപിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനും ഇന്ത്യ സഹായം നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. മാലിദ്വീപില്‍ നിന്ന് ശ്രീലങ്കയിലെത്തിയ മോദി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങും.