അരുണാചല്‍ പ്രദേശ് മേഖലയില്‍ കാണാതായ ആന്റോണ്‍ എ എന്‍ 32 വിമാനത്തെ കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. 13 പേരുമായി 6 ദിവസം മുന്‍പാണ് വിമാനം കാണാതായത്. കാണാതായ വിമാനത്തെ കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 6 ദിവസമായി തുടരുന്ന തിരച്ചിലിനിടെ വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് വിശ്വസനീയമായ വിവരം നല്‍കുന്ന വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഗ്രൂപ്പിനോ 5 ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ വ്യോമസേന തീരുമാനിച്ചതെന്ന് വ്യോമസേന പിആര്‍ഒയും വിംഗ് കമാന്‍ഡറുമായ രത്‌നാകര്‍ സിംഗ് സ്ഥിരീകരിച്ചു

നിബിഢമായ വനത്തിനുള്ളില്‍ വിമാനം വീണിരിക്കാമെന്നാണ് സേനയുടെ നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ തുടങ്ങിയവയുപയോഗിച്ച് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോര്‍ഹാത്, മേചുക എന്നീ മേഖലകള്‍ക്കിടയില്‍ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നാണ് അസ്സമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷൈ യോമിയ ജില്ലയിലെ മെചുകാ അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് എ.എന്‍ -32 വിമാനം പറന്നുയര്‍ന്നത്. എന്നിരുന്നാലും, ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്തില്‍ നിന്നുള്ള സിഗനല്‍ നഷ്ടപ്പെട്ടു. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ യാത്രാവിമാനമായ എഎന്‍ 32 1984 മുതല്‍ ഉപയോഗത്തിലുണ്ട്.