വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഘടനകളിലെ പ്രധാന ഭാരവാഹികളില്‍ മാറ്റം വരുത്തണമെങ്കില്‍ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.

2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 11, 12 പ്രകാരം വിദേശത്ത് നിന്ന് ധനസഹായം നേടുന്ന എല്ലാ സര്‍ക്കാര്‍ ഇതര സംഘടനകളും റജിസ്‌ട്രേഷന്‍ വേളയില്‍ അവയുടെ ഭാരവാഹികളെക്കുറിച്ചുള്ള വിവരം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതിനു ശേഷം ഭാരവാഹികളില്‍ ഉണ്ടാകുന്ന മാറ്റം പല എന്‍ജിഒകളും സര്‍ക്കാരിനെ അറിയിക്കുന്നില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

2014 ല്‍ ആദ്യ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് വിദേശ ഫണ്ട് നേടുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാത്ത സംഘടനകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനാകാത്ത വിധം എഫ്സിആര്‍എ റജിസ്‌ട്രേഷന്‍ എടുത്തുകളയുകയും ചെയ്തു. 2016-17 ല്‍ രാജ്യത്ത് 23,176 എന്‍ജിഒകള്‍ക്ക് എഫ് സിആര്‍എ റജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ അത് 12,000 ത്തോളം മാത്രമായി ചുരുങ്ങി. 2016-17 ല്‍ മാത്രം ഉദ്ദേശം 18,065 കോടി രൂപയാണ് ഈ സംഘടനകള്‍ വിദേശ സഹായ ഇനത്തില്‍ കൈപ്പറ്റിയത്.

വിദേശ ധനസഹായം നേടുന്ന സംഘടനകളുടെ വിവരവും അവയുടെ വിനിയോഗ മാര്‍ഗങ്ങളും കൃത്യമായി നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു. വിദേശത്ത് നിന്ന് എത്ര ധനസഹായമെത്തി, അത് എന്തിനെല്ലാം എന്തൊക്കെ മാര്‍ഗങ്ങളില്‍ ചെലവഴിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിലയിരുത്താനാകുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.