എറണാകുളം മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവിനെതിരെ താമസക്കാര്‍ സുപ്രീംകോടതിയില്‍. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും താമസക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചാണോ ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്നു പരിശോധിക്കേണ്ടത് പരിസ്ഥിതി മന്ത്രാലയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന് ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണു നടപടി.ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരള തീരദേശ പരിപാലന അഥോറിറ്റി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മരട് പഞ്ചായത്തായിരിക്കെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ (സിആര്‍ഇസഡ്) മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണു കെട്ടിടങ്ങള്‍ നിര്‍മിച്ചത്. പിന്നീട് മരട് മുന്‍സിപ്പാലിറ്റിയായി. നിലവില്‍ ഫ്ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സിആര്‍ സോണ്‍- രണ്ടിലാണെന്നും നിര്‍മാണങ്ങള്‍ക്ക് അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചിരുന്നില്ല.