അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ വ്യോമസേന വിമാനത്തില്‍ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എ എന്‍ 32 വിമാനം അപ്രത്യക്ഷമായിരുന്നു.
കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്‍റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരെത്തെ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസമായിട്ടും നിരാശയാണ് ഫലം കിട്ടിയത്.കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്‌ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. വിമാനം കാണാതായ ചൈന അതിര്‍ത്തിയോട് ചേര്‍ന്ന വനപ്രദേശത്ത് മഴ തുടരുന്നത് തെരച്ചില്‍ ദുഷ്ക്കരമാക്കുന്നു.
വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്ളൈറ്റ് എഞ്ചിനീയര്‍ അടക്കം പതിമൂന്ന് പേരുടെയും കുടുംബാംഗങ്ങളെ വ്യോമസേന അധികൃതര്‍ വിവരമറിയിച്ചിട്ടുണ്ട്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുമ്പോഴാണ് കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയര്‍ന്ന വിമാനത്തിലെ അവസാന സന്ദേശം ഒരു മണിക്കാണ് കിട്ടിയത്.