തിരുവനന്തപുരം: മീ ടു വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന നടി ഷീലയുടെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടംവെച്ചത്. ഇന്നത്തെ ഭക്ഷണ രീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മ‍ൃഗമായും മാറ്റുകയാണെന്നുമായിരുന്നു ഷീല പറഞ്ഞത്. ഇത്തരം ഹോര്‍മോണുകളാണ് പുരുഷന്‍മാരെ മീ ടുവിന് പ്രേരിതമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഷീലയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യകാരിയായ ശാരദക്കുട്ടി. പാര്‍വതിയുടേയം റിമ കല്ലിങ്കലിന്‍റെയും പൊളിറ്റിക്കല്‍ ജാഗ്രത ഷീലയില്‍ തിരയരുതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദകുട്ടി അഭിപ്രയാപ്പെടുന്നത്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ.

ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ.സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു. ഇത്രയൊക്കെ മതി.ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ.

പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ജെസി ദാനിയൽ പുരസ്കാരമെന്നും ശാരദകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.