തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച് നിര്‍ണായക മൊഴി പുറത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന്‍ തമ്പിയാണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുള്ളത്.

അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെ ആയിരുന്നു എന്നാണ് പ്രകാശന്‍ തമ്പി ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കിയത്. ഇക്കാര്യം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അര്‍ജ്ജുന്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കി. അപകടം നടക്കുമ്പോള്‍ താന്‍ ആയിരുന്നില്ല വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അര്‍ജ്ജുന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നിഷേധിച്ചിരുന്നു. ദുരൂഹതകളില്‍ നിന്ന് ദുരൂഹതകളിലേക്കാണ് ഇപ്പോള്‍ കേസ് അന്വേഷണം നീളുന്നത്.

ഇപ്പോള്‍ പ്രകാശന്‍ തമ്പിയുടെ മൊഴി കൂടി പുറത്ത് വന്നതോടെ അര്‍ജ്ജുന്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട സാഹചര്യം ആണ്.പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ക്രൈ ബ്രാഞ്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കിയത്. തുടര്‍ന്ന് അര്‍ജ്ജുനെ വീണ്ടും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും അര്‍ജ്ജുന്‍ സംസ്ഥാനം വിട്ടിരുന്നു. അസമിലേക്കാണ് അര്‍ജ്ജുന്‍ കടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. അര്‍ജ്ജുനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.തൃശൂരില്‍ നിന്ന് അര്‍ജ്ജുന്‍ തന്നെ ആയിരുന്നു വാഹനം എടുത്തത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയതിന് ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജ്ജുന്റെ വാദം. ലക്ഷ്മി പിന്‍സീറ്റില്‍ ഉറങ്ങിപ്പോയതിനാല്‍, ബാലഭാസ്‌കര്‍ ഡ്രൈവിങ് സീറ്റില്‍ എത്തിയ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല എന്നും അര്‍ജ്ജുന്‍ പറഞ്ഞിരുന്നു.

അപകടത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആണ് വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന കാര്യം അര്‍ജ്ജുന്‍ പറഞ്ഞത് എന്നാണ് പ്രകാശന്‍ തമ്പിയുടെ മൊഴി. ഇത് സത്യമാണെങ്കില്‍ കേസില്‍ ഏറ്റവും നിര്‍ണായകമാവുക അര്‍ജ്ജുന്റെ തുടര്‍ നിലപാടാകും. എന്തിന് നുണ പറഞ്ഞു എന്ന ചോദ്യത്തിന് അര്‍ജ്ജുന്‍ ഉത്തരം പറയേണ്ടി വരും. മറ്റാരുടേയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നോ അത് എന്നും വ്യക്തമാക്കേണ്ടി വരും.

കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആദ്യം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തത് പ്രകാശന്‍ തമ്പി ആയിരുന്നു. ഇക്കാര്യം തമ്പിയും ജ്യൂസ് കടയുടമയും ക്രൈംബ്രാഞ്ചിനോട് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് കടയുടമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പോലീസ് പരിശോധിക്കുന്നതിന് മുമ്പ് എന്തിനായിരുന്നു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്ന് പ്രകാശന്‍ തമ്പിയോട് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. അര്‍ജ്ജുന്‍ പറഞ്ഞത് ശരിയായിരുന്നോ എന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു അത് എന്നാണ് പ്രകാശന്‍ തമ്പി മറുപടി നല്‍കിയത്. അര്‍ജ്ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നാണ് വിശദീകരണം