കോട്ടയം: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നൽകിയ സംഭവത്തിൽ കുടശനാട് സ്വദേശി രജനിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്‌ടർമാർക്കെതിരെയും രണ്ട് ലാബുകൾക്കെതിരെയുമാണ് കേസ്. സർജറി വിഭാഗത്തിലെ ഡോക്‌ടറായ രഞ്ജിൻ, കാൻസർ വിഭാഗത്തിലെ ഡോ.സുരേഷ് കുമാർ എന്നിവർക്കെതിരെയും തെറ്റായ റിപ്പോർട്ട് നൽകിയ ഡയനോവ, മാമോഗ്രാം ചെയ്ത സി.എം.സി സ്‌കാനിംഗ് സെന്റർ എന്നിവർക്കെതിരെയുമാണ്‌ കേസ്.
മാറിടത്തിലെ ഇല്ലാത്ത കാൻസറിന്റെ പേരിൽ കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ നടത്തിയത്.

മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദേശിക്കുകയും ചെയ്യുകയായിരുന്നു.ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പാതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പാതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചും പരിശോധന നടത്തിയിരുന്നു. കാൻസറില്ലാതെ കാൻസറിന്റെ ചികിൽസയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങൾ രജനിയുടെ ശരീരത്തിലേറ്റിട്ടുണ്ട്. ഒറ്റ‌ത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥകളുമാണ്. സംഭവത്തിൽ പിതാവിനോടൊപ്പമെത്തിയാണ് രജനി പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും രജനി വ്യക്തമാക്കി.