ഫരീദാബാദിലെ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്‍റെ മുകളിലെ നിലയിൽ പ്രവർത്തിക്കുകയായിരുന്ന എഎൻഡി കോൺവെന്‍റ് സ്കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. മുകളിൽ നിന്ന് പടർന്ന തീ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു.
അവധിക്കാലമായതിനാൽ കോൺവെൻറിൽ കുട്ടികൾ കുറവായിരുന്നത് വൻ അപകടമൊഴിവാക്കി. അഗ്നിശമനസേനയെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റിൽ കോച്ചിങ് സെൻററിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർത്ഥികളുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. സൂറത്തിലേതിന് സമാനമായി അഗ്നിശമനസേന സ്ഥലത്തെത്താൻ വൈകിയത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് പരിസരവാസികൾ പറഞ്ഞു.