പാലാരിവട്ടം മേല്‍പ്പാലം മാറ്റിപ്പണിയുകയാണ് വേണ്ടതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഡറുകളെല്ലാം മാറ്റണമെന്നും ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം. പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്കാന് വേണ്ടി മാത്രം മേല്‍പാലം പോലുള്ള പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന വാര്‍ത്ത കണ്ടു. പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എന്‍ജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലന്‍സിനെ കൊണ്ടുവന്നാല്‍ പാലം നന്നാകില്ല. തിരുനാവായ, പെരിന്തല്‍മണ്ണ മേല്‍പാലങ്ങള്‍ക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവര്‍ത്തിക്കപ്പെടുന്നത് അംഗീകരിക്കാന്‍ വയ്യെന്ന് അദേഹം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൊച്ചിയില്‍ ഡിഎംആര്‍സി സ്വന്തം ഡിസൈനില്‍ നിര്‍മ്മിച്ച നാല് പാലങ്ങളുടെയും നിര്‍മ്മാണം സമയബന്ധിതമായി ചുരുങ്ങിയ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളി മേല്‍പ്പാലത്തിന് 54.23 കോടിയായിരുന്ന എസ്റ്റിമേറ്റ്. ഫുട് ഓവര്‍ ബ്രിഡ്ജും എസ്കലേറ്ററും നിര്‍മ്മിക്കണ്ട അഞ്ച് കോടിയുടെ പണി ഡിഎംആര്‍സി ചെയ്തിട്ടില്ല. 33.12 കോടിയ്ക്ക് പണി പൂര്‍ത്തിയായതിനാല്‍ മൊത്തം പദ്ധതി സംഖ്യയില്‍ 16.11 കോടി രൂപ മടക്കി നല്‍കിയതായും ശ്രീധരന് അറിയിച്ചു.