അരുണാചല്‍ പ്രദേശിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ വ്യോമസേനയുടെ എ എൻ 32 വിമാനത്തിൽ ഒരു മലയാളി കൂടി ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കണ്ണൂർ സ്വദേശി കോർപറൽ എൻ കെ ഷരിനെയാണ് കാണാതായത്. കൊല്ലം അഞ്ചൽ സ്വദേശി സർജൻറ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുൾപ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.

കാണാതായ വിമാനത്തിനായുള്ള തെരച്ചിൽ ആറാം ദിവസവും ഫലം കണ്ടിട്ടില്ല. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തിലുണ്ടയിരുന്ന മലയാളി ഫ്ളൈറ്റ് എഞ്ചിനീയർ അടക്കം പതിമൂന്ന് പേരുടെയും കുടുംബാംഗങ്ങളെ വ്യോമസേന അധികൃതർ വിവരമറിയിച്ചിട്ടുണ്ട്. അസമിലെ ജോർഹട്ടിൽ നിന്ന് അരുണാചലിലേക്ക് പോകുമ്പോഴാണ് വിമാനം കാണാതായത്.

വിമാനം കാണാതായ ചൈന അതിർത്തിയോട് ചേർന്ന വനപ്രദേശത്ത് മഴ തുടരുന്നത് തെരച്ചിൽ ദുഷ്ക്കരമാക്കുന്നു. എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാതിരുന്നതാണ് വിമാനം കണ്ടെത്തുന്നത് ദുഷ്ക്കരമാക്കുന്നത്. വ്യോമസേനയുടെ ഏഴു ഓഫീസർമാർ ഉൾപ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചൽ സ്വദേശി ഫ്ലൈറ്റ് എ‍‍ഞ്ചിനീയർ അനൂപ് കുമാറിന്‍റെയടക്കം 13 പേരുടെയും കുടുംബാംഗങ്ങളെയും തെരച്ചിലിന്‍റെ പുരോഗതിയെപ്പറ്റി അറിയിക്കുന്നുണ്ട്.

ഇതിനിടെ, 1980 ൽ വ്യോമസേനയുടെ ഭാഗമായ വിമാനം പുതുക്കുന്നതിൽ പ്രതിരോധ വകുപ്പിന് വീഴ്ച വന്നെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. അസമിലെ ജോർഹട്ടിൽ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയർന്ന വിമാനത്തിലെ അവസാന സന്ദേശം ഒരു മണിക്കാണ് കിട്ടിയത്. അരുണാചലിലെ അതിർത്തി പ്രദേശമായ മചുകയില ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു വിമാനം.