ഇസ്ലാമിക്ക് സ്‌റ്റേറ്റിന് വേണ്ടി ചാവേറാകാന്‍ പോയ മലയാളികള്‍ തിരികെ നാട്ടിലേക്ക് വരാന്‍ വഴിതേടുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ബോംബ് വര്‍ഷം ആരംഭിച്ചതോടെയാണ് ജിഹാദിന് പോയവര്‍ക്ക് നില്‍ക്കക്കളിയില്ലാതായത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ സിറിയയില്‍ നിന്നും നാട്ടിലേക്ക് തിരികെ വന്നോട്ടെയെന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി. കാസര്‍ഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാനാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് ഇക്കാര്യം ചോദിച്ചത്.

ഐഎസില്‍ നിന്നും സിറിയിന്‍ നഗരം സൈന്യം പിടിച്ചെടുത്തതോടെ കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ്. ഇതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് ഇയാള്‍ ഫോണ്‍ വിളിക്കുകയായിരുന്നു. ദേശീയമാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

2016ലാണ് ഫിറോസ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. പിന്നീട് ഇയാള്‍ സിറിയയിലേക്ക് കടക്കുകയായിരുന്നു. ഐഎസില്‍ നിന്നും സിറിയ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മാസം മാതാവ് ഹബീബയെ വിളിച്ച് തനിക്ക് നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ടെന്ന് ഫിറോസ് അറിയിക്കുകയായിരുന്നു. നാട്ടിലെത്തി കീഴടങ്ങിക്കോളാമെന്നും അവര്‍ അറിയിച്ചു.

സിറിയയില്‍ അവശേഷിക്കുന്ന ഐഎസ് അംഗങ്ങള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. അതേസമയം സിറിയയില്‍ വെച്ച് ഐഎസില്‍ ചേരാനെത്തിയ യുവതിയുമായി തന്റെ വിവാഹം കഴിഞ്ഞെന്നും, മലേഷ്യന്‍ സ്വദേശിനിയായ യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.