ഹാസ്യസിനിമയിലെ രംഗം പോലെയാണ് ഈ കാര്യങ്ങള്‍. തിരുവല്ല കോടതിയില്‍ പ്രിയ സുഹൃത്തിനു ജാമ്യമെടുക്കാന്‍ ചെന്നതാണ് ഈ സുഹൃത്ത്. എന്നാല്‍ ജഡ്ജിക്ക് ഒരു ചെറിയ സംശയം. ഇദ്ദേഹം ചെറുതായി ഒന്നു മിനുങ്ങിയിട്ടുണ്ടെയന്ന്. ഉടന്‍ പോലീസിനെ വിളിപ്പിച്ചു, മെഡിക്കല്‍ ചെക്കപ്പ് എടുത്തു. സംഗതി ശരിയാണ്, കോടതിയിലേക്ക് വരാന്‍ പേടിയായിരുന്നതു കൊണ്ട് ചെറിയൊരു ധൈര്യത്തിന് ഇത്തിരി അകത്താക്കിയിരുന്നു. അതിനിങ്ങനെ ജയിലില്‍ പിടിച്ചിടുക എന്നൊക്കെ പറഞ്ഞാല്‍. കോടതിയെന്തെന്ന് അറിയാതെ ഇങ്ങനെ ജാമ്യമെടുക്കാന്‍ വന്നാല്‍ ഇങ്ങനെയിരിക്കും കാര്യങ്ങള്‍.

ചെങ്ങന്നൂര്‍ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയില്‍ ബിജു ചെല്ലപ്പന്‍ (44) ചെക്ക് കേസില്‍ പെട്ട സുഹൃത്ത് ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം എടുക്കാനാണ് കോടതിയിലെത്തിയത്. ശ്രീകാന്തിന്റെയും ബിജുവിന്റെയും ഉറപ്പില്‍ കോടതി പ്രതിയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു.

എന്നാല്‍ കോടതി നടപടികള്‍ക്കിടെ ബിജു മദ്യപിച്ചിരുന്നതായി മജിസ്‌ട്രേറ്റിനു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വരുത്തി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്‌ട്രേറ്റ് കെ.എസ്. ബവീനനാഥ് ബിജുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.