നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനംവകുപ്പ്. നിപ ബാധിതനായ യുവാവിന്റെ താമസസ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം. പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

അതേസമയം ആശങ്കപെടേണ്ട സാഹചര്യത്തില്‍ അയവ് വന്നിട്ടുണ്ടെന്നും നിപ സ്ഥിരീകരിച്ച രോഗിയുടെ നിലയില്‍ പുരോഗതി ഉണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
നിപ നിയന്ത്രണ വിധേയമായെങ്കിലും ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയ 318 പേരെ ഇപ്പോഴും നിരീക്ഷിച്ചുവരുന്നുണ്ട്.