ബൈക്കിംഗ് ക്യൂന്‍സ് ഇതിഹാസയാത്രയ്‌ക്കൊരുങ്ങുന്നു. സൂരറ്റ് ആസ്ഥാനമായുള്ള ബൈക്കിംഗ് ക്ലബ് പെണ്‍കൂട്ടായ്മയിലെ 3 അംഗങ്ങളാണ് ചരിത്രയാത്രയ്‌ക്കൊരുങ്ങുന്നത്. വാരണാസിയില്‍ നിന്നും ലണ്ടനിലേയ്ക്കാണ് പെണ്‍പുലികള്‍ യാത്രയ്‌ക്കൊരുങ്ങുന്നത്. യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്യും.
നാരിഗൗരവ് എന്ന ആശയം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് സംഘം യാത്ര തിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും ഉന്നമനവും സമൂഹത്തിന്റെ താഴെത്തട്ട് വരെ എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണം എന്ന തത്വത്തിലൂന്നിയാണ് ക്ലബിന്റെ പ്രവര്‍ത്തനം.
ബൈക്കിംഗ് ക്യൂന്‍ ക്ലബ് സ്ഥാപക ഡോ.ശാരിക മേത്ത, അംഗങ്ങളായ ജിനാല്‍ ഷാ, രുതാലി പട്ടേല്‍ എന്നിവരാണ് യാത്രയ്‌ക്കൊരുങ്ങുന്ന പെണ്‍ സിംഹങ്ങള്‍. 3 ഭൂഖണ്ഡങ്ങളും 25 ഓളം രാജ്യങ്ങളും താണ്ടിയാണ് ലക്ഷ്യ സ്ഥാനത്തെത്തുക. ഏകദേശം 25000 ത്തോളം കിലോമീറ്റര്‍ താണ്ടുന്ന യാത്ര 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. റോഡുകളുടെ അവസ്ഥയും കാലാവസ്ഥയുടെ വ്യതിയാനവും അനുസരിച്ച് യാത്രയുടെ ദിവസങ്ങള്‍ക്ക് വ്യതിയാനമുണ്ടാകും.