ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കേരളാ കോണ്‍ഗ്രസ് (എം) വീണ്ടുമൊരു പിളര്‍പ്പിലേക്ക്. ജോസഫ് -ജോസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും സംസ്ഥാന കമ്മിറ്റിയും വിളിക്കാന്‍ തീരുമാനിച്ചതോടെ ഒന്നിച്ചു തുടരാനുള്ള സാഹചര്യം ഇല്ലാതായി. ഇന്നോ നാളെയോ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാനാണു ജോസഫിന്റെ നീക്കം.

ജോസ് കെ. മാണിയെ ചെയര്‍മാനായി നിശ്ചയിക്കുന്നതിനു വേണ്ടി സംസ്ഥാന കമ്മിറ്റി വിളിക്കാനാണു മാണി വിഭാഗത്തിന്റെ പരിപാടി. പിളര്‍പ്പു മുന്നില്‍ക്കണ്ട്, കൂറുമാറ്റ നിരോധന നിയമം എം.എല്‍.എമാരെ ബാധിക്കാതിരിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചും ഇരുകൂട്ടരും ആലോചന തുടങ്ങി. എം.എല്‍.എമാരില്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും ഒരുവശത്തും റോഷി അഗസ്റ്റിനും എന്‍. ജയരാജും മറുവശത്തുമാണ്. സി.എഫ്്. തോമസ് നിലപാട് പരസ്യമാക്കിയിട്ടില്ല.

താനറിയാതെ കമ്മിറ്റി വിളിച്ചാല്‍ നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയ ജോസഫിനെ വെട്ടാനുള്ള നീക്കത്തിനും തുടക്കമിട്ടു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനു കത്ത് നല്‍കി. ചെയര്‍മാന്‍ അന്തരിച്ചതോടെ, പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് വര്‍ക്കിങ് ചെയര്‍മാനെ താല്‍ക്കാലിക ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നു ജോസഫ് വിഭാഗം നേരത്തേ കമ്മിഷന് കത്തുനല്‍കിയിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്നു സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനു ചെയര്‍മാന്റെ അധികാരങ്ങളില്ലെന്നാണു ജോസ് വിഭാഗത്തിന്റെ കത്തിലെ വാദം.

ജോസഫ് ആക്ടിങ് ചെയര്‍മാന്‍ പോലുമല്ല. ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കുകയാണു വര്‍ക്കിങ് ചെയര്‍മാന്‍ ചെയ്യേണ്ടത്. അതിനു സംസ്ഥാന കമ്മിറ്റി വിളിക്കുകയാണു വേണ്ടത്. അതിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ ഒപ്പിട്ട കത്താണ് ജോസ് വിഭാഗം നല്‍കിയത്. ഡെപ്യൂട്ടി ലീഡര്‍ സി.എഫ്. തോമസ് കത്തില്‍ ഒപ്പിട്ടിട്ടില്ല.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാമാണു പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനാണെന്നുള്ള കത്ത് കമ്മിഷനു നല്‍കിയിരുന്നത്. 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമായ ജോയ് ഏബ്രഹാമിന് അങ്ങനെയൊരു കത്തു നല്‍കാന്‍ അധികാരമില്ലെന്ന് ജോസ് വിഭാഗം വാദിക്കുന്നു.

പിന്തുടര്‍ച്ചാവകാശമായി പാര്‍ട്ടി ചെയര്‍മാന്‍ പദവി കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്നു പി.ജെ. ജോസഫ്. കെ.എം. മാണി അന്തരിച്ചതോടെ ചെയര്‍മാന്‍ പദവിക്കു പോരാടുന്ന ജോസ് കെ. മാണിയുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണു ജോസഫ് വ്യക്തമാക്കുന്നത്.

അഭിപ്രായസമന്വയത്തിനു വേണ്ടിയാണു താന്‍ നിലകൊള്ളുന്നത്. എന്നാല്‍ അതിനു ജോസ് കെ. മാണി എതിരുനില്‍ക്കുകയാണ്. പാര്‍ട്ടി പിളര്‍ത്താനാണു നീക്കം. കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ തയാറാകുന്നില്ല. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാകുമെന്നു പാര്‍ട്ടിയുടെ ഭരണഘടനയിലില്ല.
ചെയര്‍മാനില്ലാതെ നിയമസഭാകക്ഷി യോഗം ചേരാനാകില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയും വിളിക്കാനാകില്ല. തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂ. ഒമ്പതിനു മുമ്പ് നിയമസഭാകക്ഷ യോഗം ചേരാന്‍ സാധ്യതയില്ല. സാഹചര്യം സ്പീക്കറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് നടത്തിയ പ്രതികരണം വേദനിപ്പിക്കുന്നതാണെന്നു ജോസ് കെ. മാണി. താന്‍ മരിക്കുമ്പോള്‍ മകന്‍ ചെയര്‍മാനാകുമെന്നു പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിവയ്ക്കുവാന്‍ മൗഢ്യമുള്ള ആളായിരുന്നില്ല കെ.എം. മാണിയെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെയും തന്നെയും അപമാനിക്കാനാണു ജോസഫ് ശ്രമിക്കുന്നത്.
സമവായത്തിലൂടെയായാലും ഭൂരിപക്ഷാഭിപ്രായത്തിലായാലും ചെയര്‍മാനെ നിശ്ചയിക്കേണ്ടതു സംസ്ഥാനകമ്മിറ്റിയാണ്. സംസ്ഥാന കമ്മിറ്റി ചേരുന്നതിനുള്ള ഭയം ജനാധിപത്യത്തോടുള്ള ഭയമാണ്. പാര്‍ട്ടിയില്‍ ജനാധിപത്യം സംരക്ഷിക്കുവാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ് പറഞ്ഞു.