ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കഭളച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോഡിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി മോഡി എത്തിയത്.

ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. 10.41 ഓടെ ദേവസ്വം ഉമസ്ഥതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. 11.10 വരെ ക്ഷേത്രത്തില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ അദ്ദേഹഗ ക്ഷേത്രത്തില്‍ നിന്നിറങ്ങി. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് നടന്നാണ് പോയത്. 11.15 വരെ ഗസ്റ്റ് ഹൗസിലുണ്ടാകും. ഇതിനിടെ ദേവസ്വം പ്രതിനിധികള്‍ ഗുരുവായൂര്‍ വികസനത്തിനുള്ള 450 കോടിയുടെ പദ്ധതിയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

11.30 ഓടെ ഗുരുവായൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. തുടര്‍ന്ന് ഹെലികോപ്ടര്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.