ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ മുന്നിട്ട് ഇറങ്ങിയ മുഖ്യമന്ത്രി പിണറായിക്കും സിപിഎമ്മിനും മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ മുന്നില്‍ മുട്ടിടിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും. എന്നാല്‍, നാഴികയ്ക്ക് നാല്‍പ്പത്‌വട്ടം സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന പിണറായിയും സിപിഎമ്മും ഈ വിധിയെ മാനിക്കുക പോലും ചെയ്തിട്ടില്ല.
തീരദേശപരിപാലന ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. അതേസമയം ഉത്തരവ് നടപ്പാക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ യാതൊരു നടപടിയും നഗരസഭയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം എട്ടിനായിരുന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ച് ജൂണ്‍ അഞ്ചിനകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടത്. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു വിധി. കലക്ടര്‍, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബറില്‍ കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് വിധി. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തില്‍ വരുന്ന സ്ഥലത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതെന്നും ഇതിനായി അന്നത്തെ മരട് പഞ്ചായത്ത് സമിതി വഴിവിട്ട് പ്രവര്‍ത്തിച്ചെന്നും തെളിഞ്ഞിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഗോള്‍ഡന്‍ കായലോരം, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ച്വേഴ്‌സ് , ജെയിന്‍ കോറല്‍ കോവ് ഫ്ളാറ്റുകളാണ് എട്ടിനകം പൊളിച്ച് നീക്കേണ്ടത്. ഇതിലുള്‍പ്പെട്ട ഹോളിഡെ ഹെറിറ്റേജിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാനൊരുങ്ങുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഓരോരുത്തരും പ്രത്യേകം പെറ്റീഷനായിരിക്കും നല്‍കുക. 1995ല്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളാണ് തങ്ങളുടേതെന്നും സിആര്‍ഇസഡ് നിയമം നിലവില്‍ വന്നത് 1996ലാണെന്നുമാണ് ഉടമകളുടെ വാദം. അതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന്് അനുകൂല വിധിയാണ് ഫ്‌ളാറ്റ് ഉടമകള്‍ പ്രതീക്ഷിക്കുന്നതും. സിആര്‍ഇസഡ് ലംഘനം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സംഘം തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന പരാതിയും ഉടമകള്‍ക്കുണ്ട്.