ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും ഇടകലര്‍ന്നു കിടക്കുന്നതാണെന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലി തന്നെ ഉദാഹരണം. മാത്രമല്ല പല ക്രിക്കറ്റ് താരങ്ങളുടെ പേരും ബോളിവുഡ് താരങ്ങളുമായി ചേര്‍ത്ത് പല തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഹൃദയം കീഴടക്കിയത് ബോളിവുഡ് സുന്ദരികളല്ല. ഒരു മലയാളി സുന്ദരിയാണ്. മറ്റാരുമല്ല നമ്മുടെ അനുപമ പരമേശ്വരനാണ് ആ കക്ഷി.

ക്രിക്കറ്റ് കഴിഞ്ഞാല്‍ ബുംറയുടെ ഇഷ്ടങ്ങളിലൊന്ന് സിനിമയാണ്. ബുംറയുടെ ഇഷ്ട നടി നമ്മുടെ അനുപമയാണ്. ബുംറയുടെ ട്വിറ്റര്‍ പേജ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ബുംറ ടിറ്ററില്‍ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ കൂടുതല്‍ ക്രിക്കറ്റ് താരങ്ങളാണ്. ഇതില്‍ ഒരേയൊരു നടിയുമുണ്ട്, അത് അനുപമ പരമേശ്വരനാണ്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമയില്‍നിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററില്‍ അനുപമ പരമേശ്വന്റെ ട്വീറ്റുകള്‍ ബുംറ ലൈക്ക് ചെയ്യുന്നത് പതിവാണ്. ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യാറുണ്ട്.


നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരന്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരന്‍ സഹസംവിധായികയാവുന്നത്. ചിത്രത്തില്‍ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരന്‍ ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്തായാലും ഈ സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.