പ്രളയാനന്തരം നവകേരള നിര്‍മ്മിതിക്കായി പ്രവാസികളുടെ സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര ഫലം കണ്ടില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള രംഗത്ത്. പ്രളയം മുക്കിയ കേരളത്തിന് സഹായമായി കേന്ദ്രത്തിനോട് കേരളം തേടിയത് മൂവായിരം കോടിരൂപയായിരുന്നു.
എന്നാല്‍ മൂവായിരം കോടിക്ക് പകരം നാലായിരം കോടിയോളം കേന്ദ്രസഹായമായി ലഭിച്ചു. ഈ തുക ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.
അതേസമയം രാജ്യത്തിന്റെ അഭിമാനം പണയം വച്ച് വിദേശരാഷ്ട്രങ്ങളില്‍ പ്രളയത്തിന്റെ പേരില്‍ ഉല്ലാസയാത്ര നടത്താനുള്ള മന്ത്രിമാരുടെ നീക്കം തടഞ്ഞ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേന്ദ്രത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിവുള്ള ഫലപ്രദമായ ആളുകളാണ് ഭരണത്തിലുണ്ടായിരുന്നത് അതിനാലാണ് മന്ത്രിമാരുടെ യാത്ര തടയാനായത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് യാതൊരു ഫലവുമുണ്ടായില്ലെന്നും യാത്ര പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തത്തെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ബി.ജെ.പി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.