ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരായ വികാരവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തി.

സിപിഐ മല്‍സരിച്ച നാലു മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് 12,13 തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ പ്രത്യേകം ചര്‍ച്ച നടക്കും.