എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ അഴിമതി ഇല്ലെന്ന് ചുണ്ടിക്കാട്ടി കെസിബിസിയുടെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഭൂമി വിവാദത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് റോമിലേക്ക് അയച്ചതിനാല്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്മട്രറ്റര് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചിരുന്നു.എന്നാല്‍ വ്യാജ രേഖാ വിവാദത്തില്‍ ബിഷപ്പുമാരും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്ന തീരുമാനം ഉയരുകയും ഇതു സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാന്‍ കെസിബിസി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കെസിബിസിയുടേതെന്ന പേരില്‍ പുറത്തുവന്ന സര്‍ക്കുലര്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെസിബിസി തയാറാക്കിയ വാര്‍ത്താക്കുറിപ്പ് സര്‍ക്കുലര്‍ ആക്കി മാറ്റുകയും അതില്‍ ഭൂമി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അനധികൃതമായി തിരുകിക്കയറ്റിയതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പള്ളികളില്‍ വായിക്കാനുള്ള സര്‍ക്കുലര്‍ ആയിട്ടല്ല ഇത് തയാറാക്കിയിരിക്കുന്നതെന്നും കെസിബിസിയുമായ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കെസിബിസി പ്രസിഡന്റും വൈസ് പ്രസിഡന്റും അറിയാതെയാണ് സര്‍ക്കുലര്‍ ഇറങ്ങിയതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍. വര്‍ഗീസ് വള്ളിക്കാട്ട് പ്രതിരോധത്തിലായി.
ആരോപണങ്ങളും സംശയങ്ങളും സഭയക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി.ബി.സിയുടേതെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ അഴിമതി ഇല്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സീറോ മലബാര്‍ സഭാ സിനഡിനും പൂര്‍ണ്ണ പിന്തുണ നല്കുന്ന കെ.സി.ബി.സി സര്‍ക്കുലര്‍ പള്ളികളില്‍ ഞായറാഴ്ച വായിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കെ.സി.ബി.സിയുടെ അന്വേഷണത്തില്‍ ഭൂമിയിടപാടില്‍ അഴിമതി ഉണ്ടായതായി ബോധ്യപ്പെട്ടിട്ടില്ല. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധരണ ഉണ്ടാക്കുന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടന്നതെന്നും കത്തോലിക്ക സഭയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് ഇതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ദിനാളിന്റെ പേരില്‍ പുറത്തു വന്നത് വ്യാജ രേഖയാണ്. കുറ്റവാളികള്‍ക്ക് എതിരെ മാതൃകാപരമായ നടപടികള്‍ ഉണ്ടാകണം. കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകണമെന്നും സഭയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള തത്പരക്ഷികളുടെ നീക്കങ്ങളില്‍ ജാഗ്രതപാലിക്കണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ സര്‍ക്കുലറിനെ വിമര്‍ശിച്ച് എഎംടിയും രംഗത്തെത്തിയിരുന്നു.