കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തുടരവെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമവായം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 

എം എല്‍ എമാരില്‍ ജോസഫും മോന്‍സും കഴിഞ്ഞാല്‍ സി എഫ് തോമസ്‌ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല.  സി എഫിനെ ജോസഫ് ഗ്രൂപ്പ് ഒപ്പം നിര്‍ത്താന്‍ തുടക്കം മുതല്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം അതിനോട് അനുഭാവപൂര്‍വ്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫലത്തില്‍ മോന്‍സ് ജോസഫിന് മാത്രമാണ് പിളര്‍പ്പിനോട് ആഭിമുഖ്യമുള്ളത്.  പി ജെ ജോസഫും പിളര്‍പ്പിന് തയാറല്ല.  പാര്‍ട്ടി പിളര്‍ന്നാല്‍ ജോസഫിന് ശേഷം ഘടകകക്ഷി നേതാവായി യു ഡി എഫില്‍ മന്ത്രിയാകാം എന്നതാണ് മോന്‍സിന്റെ തന്ത്രം.

പക്ഷേ, അതിന്റെ പേരില്‍ ഒരു പിളര്‍പ്പിന്റെയും സ്വന്തം പാര്‍ട്ടി പുനസംഘടിപ്പിക്കലിന്റെയും റിസ്കും സംഘാടനവും ഏറ്റെടുക്കാന്‍ പി ജെ ഒരുക്കമല്ല.  അദ്ദേഹത്തിന് അതിനേക്കാള്‍ താല്പര്യം കാര്‍ഷിക മേഖലയില്‍ തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഗാന്ധി സ്റ്റഡി സെന്റര്‍ സജീവമാക്കാനാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ നിലവില്‍ 4 പേര്‍ മാത്രമാണ് പഴയ ജോസഫ് വിഭാഗത്തില്‍ നിന്നും പിളര്‍പ്പിന് അനുകൂല നിലപാടുള്ളത്.  അതേസമയം, മാണി വിഭാഗത്തില്‍ നിന്നും ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹവും മലബാറില്‍ നിന്നുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറിയും ജോസഫിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍ പോലും ജനറല്‍ സെക്രട്ടറിമാരില്‍ അഞ്ചിലൊന്ന് പിന്തുണ പോലും എത്തിക്കാന്‍ കഴിയില്ല.

സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ നൂറോളം പേര്‍ ജോസഫ് വിഭാഗത്തിനൊപ്പം ഉണ്ടെങ്കിലും അവരൊന്നും പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ മാത്രം പ്രാപ്തരായ നേതാക്കളല്ല.  പ്രാതിനിധ്യത്തിന്റെ പേരില്‍ മണ്ഡലം തലത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെയാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയിലേക്ക് നിയോഗിച്ചിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും പിളര്‍പ്പ് ഒഴിവാക്കണമെന്ന് പി ജെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയാണ് ഇപ്പോള്‍ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മില്‍ പോര് തുടരുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം പി ജെ ജോസഫിന് കത്തു നല്‍കിയിരുന്നു. സമവായത്തിനുള്ള പി ജെ ജോസഫിന്റെ ക്ഷണം ജോസ് കെ മാണി വിഭാഗം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.