ആലത്തൂരിലെ നിയുക്ത എം.പി രമ്യാ ഹരിദാസിന് അഭിനന്ദനവുമായി വീണ്ടും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള രമ്യയുടെ ജൈത്രയാത്ര പ്രതിപാദിക്കുന്ന വീഡിയോയാണ് പ്രിയങ്ക തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിവസവേതനക്കാരിയായ അമ്മയുടെ മകളാണ് രമ്യയെന്നും പ്രാദേശിക സന്നദ്ധ സംഘടനയില്‍ 600 രൂപാ മാസശമ്പളത്തിന് ജോലി ചെയ്തിരുന്നുവെന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

2011-ല്‍ ടാലന്റ് സെര്‍ച്ചിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയതെന്നുള്ള കാര്യവും അതില്‍ പറയുന്നുണ്ട്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലെ ഉത്തരവാദിത്വപ്പെട്ട ചുമതല രമ്യ വഹിച്ചതിനെപ്പറ്റിയും വീഡിയോ പറയുന്നു.

‘സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായത്തെ മറികടന്നാണ് രാഹുല്‍ രമ്യക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എം.പിയാണ് രമ്യ. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.’- എന്നുപറഞ്ഞ് വീഡിയോ അവസാനിക്കുന്നു.