ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് വിവാദങ്ങൾ ഉയരുന്നതിന് ഇടയ്ക്ക് ഭാര്യ ലക്ഷ്മി പ്രതികരണവുമായി  രംഗത്തെത്തി. എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങൾ പടച്ചു വിടുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീർന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവൻ തിരികെക്കിട്ടാൻ മല്ലിട്ട്, ചികിത്സകൾ തുടർന്നു കൊണ്ടേയിരിക്കുന്ന ഞാൻ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ..

വാഹനമോടിച്ചിരുന്നത് അർജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാൻ പറയുന്നത്. അപകടമുണ്ടായതു തന്റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുൾപ്പെടെ ആ ദിവസങ്ങളിൽ ഏറ്റുപറഞ്ഞ അർജുൻ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.