ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. പതിനഞ്ച് വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോക്ടർ രവീന്ദ്രൻ പറഞ്ഞു. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് . .സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ട്.

ബാലഭാസ്കര്‍ തങ്ങൾക്ക് ഒരു കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും പറഞ്ഞു. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രന്‍ പറഞ്ഞു.

ബാലഭാസ്ക്കറിനു തങ്ങളുമായുള്ള അടുപ്പം മാതാപിതാക്കളടക്കമുള്ള ബന്ധുക്കളെ അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ഇത്തരം ആരോപണങ്ങൾക്ക് കാരണം. ആശുപത്രി നിർമാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്കർ പണം തന്നത് . വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു. .