ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ സോബി ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകടസ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും ഓടിപോയവരെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാകുന്നത്.

ഇതിനെ തുടര്‍ന്നാണ് അപകടം നടന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് ദേശീയപാത വഴി പോകുമ്പോള്‍ സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.

ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു.