സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയിലാണ് എല്ലാവരും. നിപയെ കുറിച്ചുള്ള അവബോധം നല്‍കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൊവിനോ തോമസും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കു വെച്ചിരുന്നു. എന്നാലിത് ടൊവിനോ അഭിനയിക്കുന്ന ആഷിക് അബുവിന്റെ പുതിയ ചിത്രം ‘വൈറസി’നുള്ള പ്രമോഷനാണെന്നായിരുന്നു ഒരാളുടെ കമന്റ്.
‘നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നാണ് ഒരാള്‍ നിപാ അവബോധവുമായി ബന്ധപ്പെട്ട ടൊവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. പിന്നാലെയിത് ഇതിന് ടൊവീനോ മറുപടി നല്‍കുകയും ചെയ്തു. ‘ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,’ കമന്റിന് മറുപടിയായി ടൊവിനോ കുറിച്ചു.
ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേരാണ് വന്നിട്ടുള്ളത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് വൈറസ് നിര്‍മ്മിയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിന് പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.