ലോക കപ്പില്‍ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കെതിരെ മാധ്യമരോഷം. മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യ നടത്തിയ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു. ടീം മാനേജ്മെന്റ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നെറ്റ് ബൗളേഴ്സിനെ അയച്ചതിനെ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ സമ്മേളനം ബഹിഷ്കരിച്ചത്.
നെറ്റ് ബൗളേഴ്സായ ദീപക് ചഹര്‍, ആവേഷ് ഖാന്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്. ഇതാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്.
പരിശീലകന് രവി ശാസ്ത്രിയെയോ നായകന് വിരാട് കോഹ്ലിയോ നടത്തേണ്ടുന്ന വാര്‍ത്താസമ്മേളനത്തിനാണ് ലോക കപ്പില്‍ ടീമിലില്ലാത്ത നെറ്റ് ബൗളേഴ്സിനെ ടീം ഇന്ത്യ അയച്ചത്. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ടീം മാനേജ്മെന്റിന്റെ ഭാഗമായുള്ള വ്യക്തികള്‍ക്കെ അവകാശമുള്ളു എന്ന ചട്ടമാണ് ഇതോടെ ഇന്ത്യ ലംഘിച്ചത്.
അതേസമയം നെറ്റ് ബൗളേഴ്സായ ദീപക് ചഹറും, ആവേശ് ഖാനും ടീം വിടുന്നതായും അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും ഇന്ത്യന്‍ ടീം മാനേജുമെന്റ് വിശദീകരിക്കുന്നു.
2015 ലോക കപ്പില്‍ നായകന് ധോണി എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതായും ബിസിസിഐ യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിവരങ്ങള്‍ ലഭിച്ചിരുന്നു.