പെരുന്നാൾ ദിനത്തിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ബമ്പർ സമ്മാനം നേടിയ ഇന്ത്യക്കാരൻ പ്രവാസി മലയാളി. പന്തളം കുടശ്ശനാട് സ്വദേശിയും അബുദാബിയിൽ സ്വകാര്യ കമ്പനിയില്‍  ഡിസൈനറുമായ സഞ്ജയ് നാഥിനാണു ഒരു കോടി ദിർഹം (18.85 കോടി രൂപ) സമ്മാനമായി ലഭിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ അഞ്ചു പേർ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് (കൂപ്പൺ 211711) സഞ്ജയെ ഭാഗ്യം തേടിയെത്തിയത്.

നറുക്കെടുപ്പിൽ ഒപ്പംചേർന്ന എല്ലാവരുടെയും ഭാഗ്യമായാണിതെന്ന് സഞ്ജയ് പറയുന്നു. സുഹൃത്ത് ലൈവ് ഷോ കണ്ട് വിവരം അറിയിച്ചപ്പോഴാണ് സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ജോലിയിൽ തുടരും. സാമൂഹിക സേവനത്തിൽ തൽപരനായതിനാൽ എല്ലാ മാസവും നിശ്ചിത തുക ജീവകാരുണ്യത്തിനായി വിനിയോഗിക്കുക പതിവാണെന്നും പുതിയ സാഹചര്യത്തിലും അത് തുടരുമെന്നും സഞ്ജയ് പറഞ്ഞു.