നിപ്പയുടെ ഉറവിടം തൊടുപുഴയാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ ആരും ഇതുവരെ പനിബാധിച്ച് നിരീക്ഷണത്തിലില്ല. വൈറസ് ബാധയുടെ ഉറവിടം തേടി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥി താമസിച്ച വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.

നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയും മൂന്ന് സുഹൃത്തുക്കളും താമസിച്ചിരുന്ന തൊടുപുഴയിലെ വാടക വീട്ടിലാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ കിണറും പരിസരവും നിരീക്ഷിക്കുകയും പ്രദേശവാസികളിൽ നിന്ന് വിവരം തേടുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായ സാഹചര്യമോ രോഗങ്ങളോ കണ്ടെത്താനായില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

സമീപത്ത് മൃഗങ്ങളെ വളർ‍ത്തുന്നവരെ സന്ദർശിക്കുകയും ഉദ്യോഗസ്ഥ‍ർ മൃഗങ്ങളെ പരിശോധിക്കുകയും ചെയ്തു. നിലവിൽ മൃഗങ്ങളുടെയോ പക്ഷികളുടേയോ അസ്വഭാവിക മരണങ്ങളോ രോഗങ്ങളോ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ല വെറ്റിനറി കേന്ദ്രത്തിൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദ്ദേശം നൽകി.