കെവിനെ കൊല്ലാമെന്നു പ്രതികള്‍ വാട്‌സ്‌ആപ്പ്‌ സന്ദേശം അയച്ചിരുന്നുവെന്നു പരിശോധനയില്‍ തെളിഞ്ഞതായി സൈബര്‍ ഫോറന്‍സിക്‌ വിദഗ്‌ധന്‍ കെവിന്‍ വധക്കേസ്‌ വിചാരണ നടക്കുന്ന കോടതിയില്‍ മൊഴി നല്‍കി. തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക്‌ വിദഗ്‌ധന്‍ പി. ഷാജിയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ മൊഴിനല്‍കിയത്‌.

നീനുവിന്റെ സഹോദരന്‍ ഷാനുവാണു കെവിനെ കൊല്ലുമെന്നു വാട്‌സ്‌ആപ്പ്‌ സന്ദേശം പിതാവ്‌ ചാക്കോയ്‌ക്കും അയല്‍വാസിക്കും കുവൈത്തില്‍നിന്ന്‌ അയച്ചത്‌. പ്രതികളില്‍നിന്നു പോലീസ്‌ കണ്ടെടുത്ത മൊബൈല്‍ ഫോണുകളടക്കമുള്ള വസ്‌തുക്കള്‍ വിശദമായി പരിശോധിച്ചു.

പ്രതി ഷാനു ചാക്കോയും തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷുമായി സംസാരിക്കുന്ന കോള്‍ റെക്കോഡുകളും കൊല്ലാമെന്നു പറഞ്ഞിരുന്നതായുള്ള വാട്‌സ്‌ആപ്പ്‌ സന്ദേശവും കിട്ടിയതായി പി. ഷാജി കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണത്തില്‍ പിരിച്ചുവിടപ്പെട്ട എ.എസ്‌.ഐ. ബിജുവിന്റെ ഫോണിലെ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം കോടതി മുമ്പാകെ പറഞ്ഞു.

മാന്നാനം കെ.ഇ. സ്‌കൂളിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോഡറില്‍ സംഭവദിവസം പുലര്‍ച്ചെ 3.06നു കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായി പാമ്പാടി സി.ഐയായിരുന്ന യു. ശ്രീജിത്ത്‌ പറഞ്ഞു. ചാലിയേക്കര പുഴയില്‍ മൃതദേഹം കണ്ടദിവസം എഫ്‌.ഐ.ആര്‍. തയാറാക്കിയ പുനലൂര്‍ അഡീഷനല്‍ എസ്‌.ഐ. ജയകൃഷ്‌ണനും കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.