കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് നാളെ കൊച്ചിയില്‍ അനുരഞ്ജന ചര്‍ച്ച നടക്കും. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം കത്ത് നല്‍കിയ സാഹചര്യത്തിലാണ് നീക്കം. പാര്‍ട്ടിയിലെ എംഎല്‍എമാരും എം പിമാരും മുതിര്‍ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. അനൗദ്യോഗിക ചര്‍ച്ചകളാണ് നടക്കുന്നതെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു. ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ പോലും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ്.കെ.മാണി ആവശ്യപ്പെട്ടു.

എന്നാല്‍, ഏറെനാളുകളായി നിലനില്‍ക്കുന്ന അധികാരത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തിന്റെ പേരില്‍ ജോസഫുമായി യുദ്ധം പ്രഖ്യാപിച്ച ജോസ് കെ മാണി സമവായത്തിന്റെ പാതയില്‍ എത്തിയെന്നാണ് വിവരം. നിലവില്‍ മാണി ഗ്രൂപ്പിന്റെ കൈവശമാണ് പാര്‍ട്ടിയുടെ അധികാരങ്ങള്‍ എല്ലാം എങ്കിലും ചെയര്‍മാന്‍ സ്ഥാനം ജോസഫിന് വിട്ടു നല്‍കുന്നതോടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ജോസഫിന്റെ കയ്യിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനാലാണ് ജോസഫുമായി സഹകരിക്കാതെ ഇത്രയും നാള്‍ ജോസ് കെ മാണി ചെയര്‍മാന്‍ സ്ഥാനം സംരക്ഷിച്ച്‌ പിടിച്ചത്. എന്നാല്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജോസഫുമായി സമവായത്തിലെത്താനാണ് പുതിയ നീക്കം.

അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ചെയര്‍മാന്‍ സ്ഥാനം ജോസഫിന് തന്നെ വിട്ടുനല്‍കാന്‍ തീരുമാനമായതായാണ് വിവരം. ഇതോടെ നിലവില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് വിരാമമാകുമെന്നാണ് സൂചന. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുമെന്ന വാദം നിലനില്‍ക്കെയാണ് ഇത്തരം തീരുമാനം എന്നതാണ് ശ്രദ്ധേയം. ഇതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്താന്‍ കുപ്പായം നെയ്ത ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടരേണ്ടി വരും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന പദവിയും ജോസ് കെ മാണിക്ക് നിലനിര്‍ത്താനായേക്കും എന്നിരുന്നാലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ച സ്ഥാനാര്ഥിയെന്ന നിലയില്‍ തോമസ് ചാഴികാടന് ഈ സീറ്റ് നല്‍കണമെന്ന് ജോസഫ് ആവശ്യപ്പെടുമെന്നും പറയപ്പെടുന്നു. ഇതോടെ ജോസ് കെ മാണിയെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്ത് ഒതുക്കാന്‍ ജോസഫിന് കഴിഞ്ഞേക്കും. എന്നാല്‍ ഇതിനു ബദലായി സിഎഫ് തോമസിനെ നിയമസഭാ കക്ഷിനേതാവായി പ്രഖ്യാപിക്കണമെന്നായിരിക്കും ജോസ് കെ മാണി ആവശ്യപ്പെടുക. 1980 മുതല്‍ ചങ്ങനാശ്ശേരി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിഎഫ് തോമസിന് ഈ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ ജോസഫിനും എതിര്‍ക്കാന്‍ സാധിച്ചേക്കില്ല. എന്തായാലും പാര്‍ട്ടിയുടെ തീരുമാനം നാളെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.

നിയമസഭാ സമ്മേളനം പത്തിന് വീണ്ടും തുടങ്ങും. അതിനുമുമ്ബ് നിയമസഭാകക്ഷിനേതാവിനെ കണ്ടെത്തണം. നിയമസഭാ കക്ഷിയോഗം അഞ്ചിനുശേഷം ചേരാന്‍ പി.ജെ. ജോസഫ് ആലോചിക്കുന്നുണ്ട്. കാര്യങ്ങള്‍ തീരുമാനമാകാതെ നീണ്ടാല്‍ സ്പീക്കറോട് സമയം നീട്ടിച്ചോദിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാന്‍സ്ഥാനം വഹിക്കുന്ന പി.ജെ. ജോസഫിന് ഇത്തരം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുമെന്നതാണ് ജോസ് കെ. മാണി വിഭാഗത്തെ അസ്വസ്ഥമാക്കുന്നത്.