അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിശേഖരിച്ചു . തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി വീണ്ടും ആവര്‍ത്തിച്ചു .

അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്നത് ‍ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണ് .

ബാലഭാസ്കര്‍ പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്ട്ടപ്പെട്ടുവെന്നും ലക്ഷ്മി വ്യക്തമാക്കി .

‘അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, മറ്റ് ആഭരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല . ബാലഭാസ്കറിനോട് ആര്‍ക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിയത്തില്ല . ഡ്രൈവര്‍ അര്‍ജ്ജുന്‍റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു’ ലക്ഷ്മി പറഞ്ഞു.

അതേസമയം സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്ബി ബാല ഭാസ്കറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്കാറുണ്ടായിരുന്നു . ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി തന്റെ അറിവില്ലെന്നും ലക്ഷ്മി മൊഴിയില്‍ വ്യക്തമാക്കി.