നിപ സംബന്ധിച്ച്‌ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൈബര്‍ സെല്‍ നിരീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു. ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്.

നിപയെക്കുറിച്ച്‌ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.