പ്രവാസത്തിന്റെ കുളിരില്‍ ചൂടുള്ള ഒരു കപ്പ് കാപ്പി പോലെയാണ് ഈ കുറിപ്പുകള്‍. സാമൂഹികമായി താന്‍ അധിവസിക്കുന്ന ഭൂപ്രദേശത്തെ ഒരാള്‍ എങ്ങനെ അടുത്തറിയുന്നു, എങ്ങനെ സമീപിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനകള്‍ ഈ വരികളില്‍ തിളങ്ങി നില്‍ക്കുന്നു. കാനഡയില്‍ പ്രവാസിയായ സഞ്ജിത്ത് എഴുതുന്നു

കനേഡിയന്‍ നോട്‌സ്-1
സഞ്ജിത്ത്‌

ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന കാനഡയിലെ എന്റെ ഐലന്‍ഡിനെപറ്റി പറഞ്ഞു തുടങ്ങാം. മുന്‍പ് ഇതൊരു ബ്രിട്ടീഷ് കോളനി ആയിരുന്നു. 1843 കളില്‍ അവര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. തദ്ദേശീയരും ആദിവാസികളുമായ ജനങ്ങളെ കൊന്നൊടുക്കിയും ഭയപ്പെടുത്തി ഓടിച്ചും അവര്‍ ഐലന്‍ഡിന്റെ വടക്കേ അറ്റമായ വിക്‌റ്റോറിയയില്‍ ആസ്ഥാനമിട്ടു. ഇവിടുത്തെ മണ്ണില്‍ അന്ന് സുലഭമായിരുന്ന സ്വര്‍ണ്ണ നിക്ഷേപം ലക്ഷ്യമിട്ടായിരുന്നു ഇത്. ജോലിക്കാരായി ചൈനാക്കാരെ ആണ് അവര്‍ കൊണ്ടുവന്നത്. ക്രമേണ അവര്‍ കാനഡയിലെ ആദ്യകാല കുടിയേറ്റക്കാരായി പരിണമിച്ചു. ഇപ്പോഴും കുടിയേറിയ അന്യരാജ്യക്കാരുടെ കണക്കെടുത്താല്‍ ചൈന തന്നെ മുന്നില്‍. ബിസി പ്രവിശ്യയിലെ (ബ്രിട്ടീഷ് കൊളംബിയ) പ്രധാന പട്ടണങ്ങളിലെല്ലാം ചൈനാടൗണ്‍ എന്ന ഒരു തെരുവ് കാണും.ഇത്തരം ചൈനാ ടൗണിന്റെ കവാടം, കെട്ടിടം എന്നുവേണ്ട വഴിയരികിലെ കുപ്പതൊട്ടി പോലും ഒരു പുരാതന ചൈനീസ് നിര്‍മ്മാണ ചാരുതയോടെ ആണ് പണിതിട്ടുള്ളത്. ഹഡ്‌സണ്‍ ബേ എന്ന ലോക പ്രശസ്ത കമ്പനി ആയിരുന്നു ഇതിന് ചുക്കാന്‍പിടിച്ചത്.

Looking north into downtown Vancouver.

1858 കളില്‍ ഗോള്‍ഡ് റഷ് അതിന്റെ പാരമ്യത്തിലെത്തി. സ്വര്‍ണ്ണനിക്ഷേപം കുറഞ്ഞതോടെ സുലഭമായ കല്‍ക്കരി ഖനനം ആരംഭിച്ചു. നിരവധി തുറമുഖങ്ങളും റെയില്‍വെയും വന്നു. ഇപ്പോഴും അന്നുണ്ടാക്കിയ റെയിവേ ലൈനാണ് നിലവിലുള്ളത്. കാര്യമായ നവീകരണമൊന്നും നടത്താത ഇത് ഇപ്പോള്‍ ചരക്കുനീക്കത്തിന് മാത്രമാണ് വിരളമായി ഉപയോഗിയ്ക്കുന്നത്.

5 കിലോമീറ്റര്‍ ഇടവിട്ട് വലുതും ചെറുതുമായ നിരവധി തുറമുഖങ്ങളുണ്ട്. 10 ഓളം വിമാനതാവളങ്ങളും നൂറുകണക്കിന് സീപ്ലെയിന്‍ പോര്‍ട്ടുകളും നിരവധി ഹെലി പാഡുകളും ഇന്ന് ഐലന്‍ഡിലുണ്ട്. കേവലം ആദിവാസികള്‍ മാത്രം വസിച്ചിരുന്ന ഗള്‍ഫ് ഐലന്‍ഡുകള്‍ എന്നപേരില്‍ അറിയപ്പെടുന്ന ദ്വീപ് സമൂഹം അധിനിവേശ കാലഘട്ടം മുതല്‍ അതിവേഗം വികസിച്ചു. ഇന്ന് കാറുമുതല്‍ വിമാനങ്ങള്‍ വരെ വില്‍ക്കുന്ന വന്‍ വിപണിയുണ്ട് ഇവിടെ. കോടികള്‍ വിലമതിക്കുന്ന യാട്ടുകള്‍ (ഉല്ലാസ നൗക) ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ നിരവധിയുണ്ട് ഐലന്‍ഡില്‍ ഉടനീളം.

നമ്മുടെ കേരളം അടര്‍ത്തി എടുത്ത് കടലിലിട്ടാല്‍ എങ്ങനെ ഇരിക്കും അതുതന്നെയാണ് ഈ ഭൂഭാഗത്തിന്റെ രൂപം. 32,134 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി കാനഡയുടെ ലോവര്‍ മെയിന്‍ ലാന്‍ഡില്‍നിന്നും 80 കിലോമീറ്റര്‍ അകലെ പസഫിക് ഓഷ്യനില്‍ ആണു സ്ഥാനം. ചുറ്റും ജനവാസം ഉള്ളതും ഇല്ലാത്തതുമായ 200 ഓളം ചെറു ദ്വീപുകള്‍ കൂട്ടിനുമുണ്ട്. ഈ ദ്വീപ് സമൂഹത്തിനെ മൊത്തമായി ഗള്‍ഫ് ഐലന്‍ഡ് എന്നാണു അറിയപെടുന്നത്. അതില്‍ ഏറ്റവും വലുതാണ് ഞാന്‍ താമസിക്കുന്ന വാന്‍കൂവര്‍ ഐലന്‍ഡ്. ജോര്‍ജിയ കടലിടുക്കാണ് വന്‍കരയില്‍നിന്നും വേര്‍തിരിയ്ക്കുന്നത്. വളരെ ആഴമേറിയ കടല്‍ ആണെങ്കിലും അമ്പലക്കുളത്തിലെ ജലപ്പരപ്പുപോലെ ശാന്തമാണ്, വന്‍കരയ്ക്കും പ്രധാന ദ്വിപിനും ഇടയിലുള്ള കടല്‍.

6 റീജിയണല്‍ ഡിസ്ട്രിക്റ്റുകളാണ് ഐലന്‍ഡിന്. മൗണ്ട് വാഡിങ്ടണ്‍, സ്ട്രാത്‌കോണ, കൊമോക്‌സ് വാലി, ആല്‍ബേര്‍ണി, നനൈമോ, കൗച്ചന്‍വാലി എന്നിവയാണവ. ഐലന്‍ഡിന്റെ തീരദേശത്തു മാത്രമാണ് ജനബാഹുല്യമുള്ളത്. പ്രത്യേകിച്ചും വന്‍കരയെ അഭിമുഖീകരിയ്ക്കുന്ന ഭാഗത്ത്. മറുവശം പ്രക്ഷുബ്ധമായ കടലാണ്. പോരാത്തതിന് ഭൂകമ്പ സാധ്യതാ പ്രദേശവും. ജനസംഖ്യ 2016 ലെ കണക്കനുസരിച്ച് 775,347 ആണ്.

ഉയര്‍ന്ന കൊടുമുടി 2195 മീറ്റര്‍ ഉയരമുള്ള ഗോള്‍ഡന്‍ ഹിന്‍ഡ.് വര്‍ഷം മുഴുവനും മഞ്ഞുമൂടികിടക്കുന്ന ഇവിടം സാഹസികരുടെ ഇഷ്ടപെട്ട ഡസ്റ്റിനേഷന്‍ തന്നെ. ജനവാസമില്ലാത്ത ഭാഗങ്ങള്‍ വനഭൂമിയോ മഞ്ഞുമൂടിയ ഇടങ്ങളോ ആയിരിക്കും. മര വ്യവസായമാണ് ഐലന്‍ഡിലെ പ്രധാന വ്യവസായം. പ്രധാന ഉപഭോക്താക്കള്‍ ചൈനയാണ്. അവര്‍ ഇവിടന്ന് മരം വാങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ലോകമെമ്പാടും വിതരണം ചെയ്യും. അതില്‍ പ്രധാന ഉപഭോക്താക്കളില്‍ മരം ഉത്പാദിപ്പിക്കുന്ന കനേഡിയന്‍സും പെടും എന്നത് രസകരമായ വസ്തുത.

മരം കൃഷി ചെയ്യുകയാണ് ഇവിടെ. ഗവണ്‍മെന്റ് പ്രകൃതി സംരക്ഷണത്തിന് വളരെ ഊന്നല്‍ നല്‍കുന്നുണ്ട്. ഒരു മരം വിളവെടുക്കുമ്പോള്‍ 10 മരം പകരം നടും. ഏല്ലാ വന്‍ നഗരങ്ങള്‍ക്കു നടുവിലും നിരവധി വനങ്ങള്‍ നിലനിര്‍ത്താറുണ്ട്.

(തുടരും)