നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊച്ചിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്.

ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ രോഗിയുടെ ബന്ധുക്കളല്ല. സുഹൃത്തുക്കളിൽ രണ്ടു പേർക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കുമാണ് പനി. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. സമീപകാലത്ത് ‘നിപ’ ലക്ഷണങ്ങളോടെ മരണമുണ്ടായോ എന്നും പരിശോധിക്കും.

വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എൻ.പ്രിയ. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിൽ ഇല്ലെന്നും ഡിഎംഒ അറിയിച്ചു.