നടന്‍ വിനായകനെതിരായ ലൈംഗിക പീഡനപരാതി പുതിയ തലങ്ങളിലേക്ക്. നടനെതിരേ ആരോപണമുയര്‍ത്തിയ സാമൂഹികപ്രവര്‍ത്തക മൃദുലദേവിക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. വിനായകനില്‍ നിന്നുണ്ടായ ലൈംഗിച്ചുവയുള്ള സംസാരത്തിന്റെ ഓഡിയോയും പുറത്തായിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ വനിതാക്കൂട്ടായ്മയായ ഡബ്യൂസിസി ഒന്നും മിണ്ടാത്തതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ദിലീപ് വിഷയത്തില്‍ ഡബ്യൂസിസിക്കൊപ്പം നിന്ന വിനായകനെ സംഘടന ഇപ്പോള്‍ സംരക്ഷിക്കുന്നുവെന്നാണ് വിമര്‍ശനം. സിനിമരംഗത്തുള്ളവരാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.

‘ജീവിതത്തില്‍ വിനായകന്‍ സ്ത്രീവിരുദ്ധത കാണിച്ചത് നേരിട്ട് അനുഭവമുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും, അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല’- മൃദുലദേവി പറഞ്ഞു. പുതിയ സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിനായകന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിനായകനെതിരെ ജാതി അധിക്ഷേപം നടത്തി. തുടര്‍ന്ന് ജാതിഅധിക്ഷേപങ്ങള്‍ നേരിടുന്നവരുടെ മുഖമായി വിനായകനെ അവതരിപ്പിച്ചുകൊണ്ട് സൈബര്‍ലോകത്ത് നിരവധിപ്പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ മൃദുലദേവി ശശിധരന്‍ നിലപാട് വ്യക്തമാക്കിയത്.

മൃദുലദേവി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

”നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ…”

മൃദുലദേവി ശശിധരന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. മൃദുലദേവി ശശിധരന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക രേഖ രാജ്, വിനായകന്‍ സ്വയം പരിഷ്‌ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകന്‍ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദിനു വെയില്‍ പറയുന്നു. മൃദുലദേവിക്ക് ഐക്യദാര്‍ഢ്യവുമായി സൈബറിടത്തില്‍ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

രേഖാരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വീണ്ടും ആവര്‍ത്തിക്കുന്നു ഒരു സ്ത്രീ തനിക്ക് നേരെ ലൈംഗിക കടന്ന് കയറ്റം നടന്നു എന്ന് വെളിപ്പെടുത്തിയാല്‍ പ്രാഥമികമായും അവളുടെ ഒപ്പം നില്‍ക്കും മറിച്ചാണ് കാര്യങ്ങള്‍ എന്ന് സംശയാതീതമായി തെളിയിക്കപ്പെടും വരെ! വയലന്‍സ് നേരിട്ടവരോട് തെളിവ് ചോദിക്കുന്നതിലും വലിയ അനീതിയില്ല.. അത് കൊണ്ട് വോയ്‌സ് റെക്കോര്‍ഡ് ഇത് വരെ കേട്ടില്ല എങ്കിലും മൃദുലയോടുള്ള വിശ്വാസവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്നു
സമുദായത്തിലെ ആണ്‍കോയ്മയോടുള്ള സമരം വളരെ പ്രധാനപ്പെട്ടതാണ്.. ലൈംഗിക അതിക്രമം എത്ര മഹദ് വ്യക്തി ചെയ്താലും അയാള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അനുഭവിച്ച സ്ത്രീ എന്താണ് നീതിയെന്ന് വിശ്വസിക്കുന്നതാണ് ഇക്കാര്യത്തില്‍ നീതിയെന്ന് ഞാന്‍ കരുതുന്നു.. അത് നിയമപരമായ നീക്കമാണെങ്കിലും പബ്ലിക്ക് ഷെയിമിങ്ങ് ആണെങ്കിലും എനിക്ക് സ്വീകാര്യമാണ്. തെളിവ് ചോദിക്കുന്നവരോടും അതിജീവിച്ചവളെ വിചാരണ ചെയ്യുന്നവരോടും സഹതാപം മാത്രം