എംപിയായ തെരഞ്ഞടുക്കപ്പെട്ട തനിക്ക് പാസും ശമ്പളവും മാത്രം മതിയെന്നും ബാക്കിയെല്ലാം ഫെസിലിറ്റിയും ജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരളം മൊത്തം പോകാനും നിങ്ങളെ കാണാനും കൈയില്‍ കാശില്ലാത്തത് കൊണ്ടാണ് പാസ് ഉപയോഗിക്കുന്നത്.

ഇത്രയും കാലം തന്നെ തീറ്റിപ്പോറ്റിയത് ഭാര്യയും കുട്ടികളുമാണ്. ഭാര്യ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തതോടെ ജോലിയും പോയി. അതുകൊണ്ടാണ് ശമ്പളം താന്‍ എടുക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് കെഎംസിസി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

ഒരു എംപി എന്ന നിലയില്‍ തനിക്ക് ഫണ്ടായി ഒരുവര്‍ഷം കിട്ടുക അഞ്ച് കോടി രൂപയാണ്. അത് യുഡിഎഫ് സമിതി പറയുന്ന രീതിയില്‍ ചെലവഴിക്കും. വികസനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി യോജിച്ച്‌ മുന്നോട്ട് പോകും. വികസനവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുന്‍പില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

അതിലൊന്ന് ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ആഗോളടെണ്ടര്‍ വിളിക്കണമെന്നതാണ്. മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരെ നാട്ടിലെത്തിക്കുന്നതിന് തുക ഈടാക്കരുതെന്നാണ്. അടുത്ത ദിവസം ഡല്‍ഹിയിലെത്തുമ്ബോള്‍ റെയില്‍വെ മന്ത്രിയെ കണ്ട് ട്രയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

35 വര്‍ഷത്തിനുശേഷം കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനായാത് നിങ്ങളുടെ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടതതുകൊണ്ടാണ്. കാസര്‍കോട്ടുനിന്ന് മത്സരിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോട്ട് നിന്നു കിട്ടിയ സ്‌നേഹവും പിന്തുണയും ഒരിക്കലും എനിക്ക് മറക്കാനാവില്ല. സീറ്റ് തന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.

പിന്തുണച്ചത് യുഡിഎഫാണ്, ഒരു കോണ്‍ഗ്രസുകാരനെക്കാള്‍ കൂടുതല്‍ ഒരു ലീഗുകാരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ആ ലീഗുകാരനെ വിജയിപ്പിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് നിങ്ങള്‍ കാട്ടിയത്. മുസ്ലീംലീഗാണ് എന്നെ വിജയിപ്പിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

35 വര്‍ഷക്കാലം നിങ്ങള്‍ സഹിച്ച പീഡനം അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ മാറ്റിയെടുക്കും. കറുത്തപര്‍ദ്ദയിട്ട് വേനലില്‍ വെന്തുരുകിയാണ് എന്നെ വിജയിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലെ അബദ്ധജടിലമായ വാര്‍ത്തകളിലൂടെ ആരെങ്കിലും തന്നെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുത്. എന്നെ പട്ടടയില്‍ എടുത്തുവെക്കുന്നതുവരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു