‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയും അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആ രോഗാവസ്ഥയോട് പടവെട്ടി താന്‍ തിരിച്ചു വരുന്നെന്ന് പറയുകയാണ് അവര്‍.

‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു.’ നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാളത്തില്‍ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളില്‍ കൂടി നഫീസ അഭിനയിച്ചിരുന്നു. സാഹിബ് ബീവി ഓര്‍ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് നഫീസ അവസാനം വേഷമിട്ടത്.

കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലായിരുന്ന നഫീസക്ക് ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. പെരിറ്റോണിയല്‍ കാന്‍സറാണ് അവരെ ബാധിച്ചത്. രോഗാവസ്ഥയിലും ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടു വരുന്നതിനാല്‍ ചില സമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.