മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ റിലീസ് നീട്ടി. സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ജൂണ്‍ 14 ന് വേള്‍ഡ്‌വൈഡ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.

നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ വ്യത്യസ്തമായൊരു പൊലീസ് ഭാവമാവും ഉണ്ടയിലേത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.