ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളേറുന്നു. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി. അതേസമയം ബാലഭാസ്കറിന്റെ ഫെയ്സ് ബുക് പേജില്‍ കഴിഞ്ഞ ദിവസം ഇട്ടിരുന്ന പോസ്റ്റ് തന്റെ അറിവോട് തന്നെയായിരുന്നുവെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു.
‘അപകട സമയത്ത് ഡ്രൈവര്‍ അര്ജുന് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നത് ജിംനേഷ്യത്തില്‍ വെച്ചാണ്.
തമ്പി ബാലുവിന്റെ ട്രെയിനറായിരുന്നു. സംഗീതപരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്യുന്നയാള്‍ ഇതിനിടെ വിദേശത്തു പോയപ്പോള്‍ തമ്പി ഈ ജോലി ഏറ്റെടുത്തു. തമ്പി ഉള്‍പ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിന് മറ്റു ബന്ധങ്ങളില്ലെന്ന് ഇട്ട പോസ്റ്റ് തന്റെ അറിവോടെയാണ്. ബാലുവിന്റെ ഓണ്‍ലൈന്‍ പ്രമോഷന് ജോലി നടത്തിയിരുന്ന ഏജന്‍സിയാണ് ഇതു ചെയ്തത്.
അപകടത്തെത്തുടര്‍ന്ന് തനിക്കു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജന്‍സിയോട് പോസ്റ്റ് ഇടാന്‍ നിര്‍ദേശിച്ചതെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു. കഴക്കൂട്ടത്തു വച്ച് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടശേഷം ചികില്‍സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്.