കേരളത്തിൽ വീണ്ടും നിപ വയറസ് ബാധ സംശയിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പരിഭ്രാന്തിയോ ഭീതിയോ കൊണ്ട്‌ നമുക്ക്‌ ഇതിനെ നേരിടാനാകില്ല. പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക്‌ ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച്‌ നിൽക്കാം.

എന്താണ് നിപ്പാ വൈറസ് 

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും വേണം.

പ്രധാന ലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. 

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പക്ഷിമൃഗാദികളും വവ്വാലും കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. 

3. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.

4. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

5. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ചവരുടെ ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

 

📌രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

📌രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കുക.

സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ ഉടനെ അധികൃതരെ വിവരം അറിയിക്കുക.

📌നിഷ്കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:

കൈ കഴുകുകാനും കൈ ശുചിയാക്കുന്നതിനും ആൽക്കഹോൾ അടങ്ങിയ ലോഷനുകൾ ഉപയോഗിക്കുക.

രോഗി, രോഗ ചികിൽസക്ക് ഉപയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

നിപാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.

ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.

രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

📌സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന N 95 മാസ്കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്കർഷിക്കേണ്ടതാണ്.

കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.

രോഗിയെ ശുശ്രൂഷിച്ച ശേഷം അണുനാശിനികളടങ്ങിയ ലോഷൻ കൊണ്ട് കൈ കഴുകാവുന്നതാണ്.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.