മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനേയും സിപിഐയേയും രൂക്ഷമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്റെ മുന്‍ പെഴ്സണല്‍ സ്റ്റാഫ് അംഗവും വിശ്വസ്ഥനുമായിരുന്ന കെ.എം. ഷാജഹാന്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബില്‍ സൊസൈറ്റിയായ ലോ അക്കാദമിക്ക് വിദ്യാഭ്യസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്കിയ സ്ഥലത്ത് നിയമ വിരുദ്ധമായി പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്ളാറ്റില്‍ സര്‍ക്കാര്‍ ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി ആരോപിക്കുന്നു.
പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികള്‍ വക മാറ്റി നല്‍കുന്നുവെന്നും ഷാജഹാന് ആരോപിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
‘ഈ വിവാദ ഫ്ലാറ്റ് സമുച്ചയത്തില്‍ ആരും ഫ്ലാറ്റുകള്‍ വാങ്ങാത്തതിനെ തുടര്‍ന്ന്, നിര്‍മ്മാതാക്കള്‍ക്ക് സമുച്ചയം വന്‍ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ലാറ്റിലെ ഒരു നില മുഴുവന്‍, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ‘ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ ന്റെ ഓഫീസിനായി 5 വര്‍ഷത്തെ പാട്ടത്തിന് ലക്ഷങ്ങള്‍ വാടകയും നല്കി എടുക്കാന്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാന്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നുവെന്നും’ ഷാജഹാന് കുറിക്കുന്നു.
കെ എം ഷാജഹാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
2018ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയം മലയാളിക്ക് വരുത്തി വച്ചത് ചിന്തിക്കാനാവാത്ത അത്ര വലിയ നഷ്ടമായിരുന്നു. ഒട്ടേറെ പേര്‍ക്ക് പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് വീടും വീട്ടുപകരണങ്ങളും, നിര്‍ണ്ണായക രേഖകളും നഷ്ടപ്പെട്ടു. കൃഷിയിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആകെയുള്ള വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരും പതിനായിരക്കണക്കിനാണ്.
പ്രളയബാധിതരെ രക്ഷിക്കും, പുനരധിവസിപ്പിക്കും എന്നൊക്കെ പിണറായി സര്‍ക്കാര്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞെങ്കിലും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങമെത്തിയില്ല എന്നത് ഒരു വസ്തുതയാണ്. പ്രതിപക്ഷ നേതാവ് 11 പ്രളയബാധിത താലൂക്കുകള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍, പ്രളയബാധിതര്‍ അദ്ദേഹത്തിന് നേരിട്ട് നല്‍കിയത് 11,000 ലധികം പരാതികളാണ്.അതില്‍ 4,000ത്തിലധികം പരാതികള്‍, തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാം എന്നേറ്റ തുച്ഛമായ സാമ്പത്തിക സഹായമായ 10,000 രൂപ പോലും ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രളയ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് വ്യാപാരികള്‍ക്കും കൃഷി നശിച്ചവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും, ദുരന്തമുണ്ടായി ഒരു വര്‍ഷം തികയാറായിട്ടും, സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ഒരു നയാ പൈസ പോലും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച 2,257 കോടി രൂപ ഇനിയും ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്.
അത്തരത്തില്‍, മഹാ ദുരന്തത്തില്‍ പെട്ട പതിനായിരങ്ങള്‍ക്ക് ലഭിക്കേണ്ട തുച്ഛമായ 10,000 രൂപയുടെ സാമ്പത്തിക സഹായം നല്കുന്നതില് പോലും അതി ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍, മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ട, ലോ അക്കാദമി നാരായണന് നായര്‍ – ലക്ഷ്മി നായര്‍ കുടുംബം സര്‍ക്കാരില്‍ നിന്ന് അനധികൃതമായി കൈക്കലാക്കി, തിരുവനന്തപുരം നഗരമധ്യത്തില്‍ നിര്‍മ്മിച്ച, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ സര്‍ക്കാര്‍ ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി, പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികള്‍ വക മാറ്റി നല്കുന്നു!
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബില്‍ സൊസൈറ്റിയായ ലോ അക്കാദമി, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം, അക്കാദമിക്ക് സര്‍ക്കാര്‍ വിദ്യാഭ്യസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്കിയ സ്ഥലത്ത് നിയമ വിരുദ്ധമായി, ഒരു റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയതാണ്, ‘കല്‍സാര്‍ ഹീതര്‍ ടവ്വര്‍’ എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയം.
ഈ നിര്‍മ്മാണം അനധികൃതമാണെന്ന് കാട്ടി, ഇതിന്റെ പിറകിലുള്ള അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, ഞാന്‍ ഒന്നര വര്‍ഷം മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.7- 8 മാസം മുമ്പ് വിജിലന്‍സ് എന്റെ വിശദമായ മൊഴിയും എടുത്തിരുന്നു. എന്റെ പരാതി വിജിലന്‍സ് ഇത് വരെ തള്ളിയിട്ടില്ല. അതായത് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്ന് വ്യക്തം.
ഈ വിവാദ ഫ്ലാറ്റ് സമുച്ചയത്തില്‍ ആരും ഫ്ലാറ്റുകള്‍ വാങ്ങാത്തതിനെ തുടര്‍ന്ന്, നിര്‍മ്മാതാക്കള്‍ക്ക് സമുച്ചയം വന്‍ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ലാറ്റിലെ ഒരു നില മുഴുവന്‍, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ‘ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ ന്റെ ഓഫീസിനായി 5 വര്‍ഷത്തെ പാട്ടത്തിന് ലക്ഷങ്ങള്‍ വാടകയും നല്കി എടുക്കാന്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാന്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നു!
ഈ ഓഫീസ് ആരംഭിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്, ഇതിനായി സെക്രട്ടറിയേറ്റില്‍ വേറെ സ്ഥലമില്ല എന്നതാണ്. ഇക്കാര്യം പൊതുഭരണ വകുപ്പും, പൊതുമരാമത്ത് വകുപ്പും ചൂണ്ടിക്കാട്ടിയതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ വാദം പച്ചക്കള്ളമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
സെക്രട്ടറിയേറ്റില്‍,
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നില,
അനക്സ് രണ്ട്,
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നോര്‍ക്ക പ്രവര്‍ത്തിച്ചിരുന്ന സ്ഥാനം
എന്നിവിടങ്ങളില്‍ വേണ്ടത്ര സ്ഥലം ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, മുന്നാക്ക വികസന കോര്പ്പറേഷന് ഈ വിവാദ കെട്ടിടത്തില്‍ ഓഫീസ് സൗകര്യം ഒരുക്കണം എന്ന് കാട്ടി സര്‍ക്കാരിന് കത്തെഴുതിയപ്പോള്‍,
നിലവിലെ കെട്ടിടത്തിന്റെ വാടക,
പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴുള്ള അധികച്ചെലവ്
എന്നിവ കാട്ടി ധനവകുപ്പ് ഫയല്‍ മടക്കി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതായത്,
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ഓഫീസ് തുടങ്ങുന്നതിനായി സെക്രട്ടറിയേറ്റില്‍ ആവശ്യത്തിന് സ്ഥലമുള്ളപ്പോഴാണ്,
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട,
ലോ അക്കാദമി നാരായണന് നായര്‍ – ലക്ഷ്മി നായര്‍ കുടുംബം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറി നിര്‍മ്മിച്ച, ഇപ്പോഴും വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്ന,
ആരും വാങ്ങാന്‍ തയ്യാറാകാത്ത ഫ്ലാറ്റുകളുള്ള ഒരു വിവാദ ഫ്ലാറ്റ് സമുച്ചയത്തില്‍,
പ്രളയ ദുരിതബാധിതര്‍ക്കായി ചിലവഴിക്കേണ്ട ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥലം വാടകക്കെടുക്കുന്നത്!
88.5 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിക്കുന്നത്!
ആയിരക്കണക്കിന് പ്രളയ ദുരിതബാധിതര്‍ക്ക് വേണ്ടി സമാഹരിച്ച കോടികള്‍,
ദുരിത ബാധിതര്‍ ഇപ്പോഴും കടുത്ത ദുരിതത്തില്‍ തുടരുമ്പോള്‍,
മുഖ്യമന്ത്രി,
അവരുടെ ദുരിതാശ്വാസത്തിനായി സമാഹരിച്ച പൊതുപണമെടുത്ത്,
തനിക്ക് വേണ്ടപ്പെട്ട ഒരു കുടുംബത്തിന് കൈമാറുകയാണ്!
ഇത് വന്‍ കൊള്ളയല്ലേ?
ഇത് പ്രളയ ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയല്ലെങ്കില്‍ പിന്നെന്താണ്?
ഈ കൈമാറ്റത്തില്‍ വേറെയും പ്രശ്നങ്ങളുണ്ട്.
ലക്ഷ്മി നായരുടെ മാതൃസഹോദരന്‍ എന്‍ കെ ജയകുമാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്. അദ്ദേഹം ലോ അക്കാദമിയുടെ ഭരണ സമിതി അംഗമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍,
അദ്ദേഹത്തിന്റെ കൂടി കീഴിലുള്ള ലോക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന് വിവേചനപരമായി ലക്ഷങ്ങള്‍ നല്‍കുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ് എന്നത് ഉറപ്പാണ്.
ഈ വിവാദ കൈമാറ്റം നടന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് 2019 മെയ് 8 നാണ്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍. അതായത് ഈ വിവാദ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് വ്യക്തം.
ലോക അക്കാദമി സമരം കേരളത്തില്‍ പ്രകമ്പനം കൊണ്ട അവസരത്തിലും, അക്കാദമിയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നപ്പോഴും,
ലോ അക്കാദമി നാരായണന് നായര്‍ – ലക്ഷ്മി നായര്‍ കുടുംബത്തിന് പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുകയായിരുന്നു പിണറായി വിജയന്.
സര്‍ക്കാരിന് നിയമോപദേശം നല്കാന് അഡ്വക്കേറ്റ് ജനറലും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നൂറ് കണക്കിന് സര്‍ക്കാര്‍ പ്ലീഡര്‍മാരും ഉള്ളപ്പോള്‍,
മാസം ലക്ഷങ്ങള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കി നിയമത്തില്‍ നാമമാത്ര ജ്ഞാനം പോലും ഇല്ലാത്ത, ലക്ഷ്മി നായരുടെ മാതൃസഹോദരനായ എന്‍ കെ ജയകുമാറിനെ സ്വന്തം നിയമോപദേഷ്ടാവായി കൊണ്ട് നടക്കുകയാണ് പിണറായി വിജയന്!
നാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നല്ലാതെന്ത് പറയാന്‍!
ലോക അക്കാദമി നാരായണന് നായര്‍ – ലക്ഷ്മി നായര്‍ കുടുംബത്തോട് മുഖ്യമന്ത്രിക്കുള്ള അമിത വിധേയത്വത്തിന് എന്താണ് കാരണം എന്നന്വേഷിച്ച് പരക്കം പായുകയാണ് ജനം !
ലോക അക്കാദമി സമരം വിജയിച്ചപ്പോള്‍ സമരം വിജയിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളുക്കെ ചിരിച്ച്
നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത, അവരെ മാലയിട്ട് സ്വീകരിച്ച വേറൊരു നേതാവുണ്ട്,
കാനം രാജേന്ദ്രന്!
അദ്ദേഹം ഇവിടെ എവിടെയെങ്കിലും ഉണ്ടോ?
ഇന്ന് പിണറായി വിജയന്റെ വിശ്വസ്ത വിനീതവിധേയനാണ്,
ഒരു കാലത്ത് ദിവസേന പിണറായിക്കെതിരെ വാളോങ്ങിയിരുന്ന, ഈ നേതാവ്.
സി പി ഐ യെ പിളര്‍ത്താന്‍ പിണറായി വിജയന് രംഗത്തിറങ്ങിയതോടെയാണ്,
സമസ്താപരാധങ്ങളും എണ്ണിയെണ്ണി പറഞ്ഞ് കാനം രാജേന്ദ്രന് ഓടിയൊളിച്ചത് എന്ന് കേള്‍ക്കുന്നു, ശരിയാണോ?