ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇപ്പോള്‍ വനിത ഹെല്‍പ്ലൈന്റെ കസ്റ്റഡിയിലാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിനില്‍ കയറിയ പെണ്‍കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ശിവജി വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.

ശിവജിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കുട്ടി എങ്ങനെ കൊല്ലത്ത് എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ശിവജി സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് സൈബര്‍ ഇടത്ത് വലിയ ചര്‍ച്ചയായിരുന്നു. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. മകളെ കണ്ടെത്തിയ വിവരവും ശിവജി ഫേസ്ബുക്കിലൂടെ അറിയിച്ചു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിച്ചു സഹായിച്ച എല്ലാവര്‍ക്കും ശിവജി നന്ദി പറയുകയും ചെയ്തു.

ശിവജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം